Saturday, October 3, 2026
Kerala News

ക്യാബിനറ്റ് പദവിയിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ്; ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് P.J ജോസഫ്

ക്യാബിനറ്റ് പദവിയിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ്; ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് P.J ജോസഫ്

കോട്ടയം: ക്യാബിനറ്റ് പദവിയിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ്. വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം ക്യാബിനറ്റ് പദവിയോടെ നൽകണമെന്നാണ് പാർട്ടിയുടെ ആവശ്യം. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന ആവശ്യവും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചു. പാർട്ടിയുടെ ആവശ്യങ്ങൾ വൈകുന്നത് സംബന്ധിച്ച അതൃപ്തിയും കേരള കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

ജെ. ദേവരാജനെ ഡൽഹിയിലെ പ്രതിനിധിയായി നിയമിച്ചതും എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതുമായി ബന്ധപ്പെട്ടും മുന്നണിക്കുള്ളിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന പരാതിയും കേരള കോൺഗ്രസ് ഉന്നയിക്കുന്നുണ്ട്.

സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടർന്നുണ്ടായ സമവായ ചർച്ചകൾക്കൊടുവിൽ ഒരു മന്ത്രിസ്ഥാനവും പി.ജെ. ജോസഫിന് ഒരു ക്യാബിനറ്റ് പദവിയും നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം പാർട്ടി പിന്നീട് ഉപേക്ഷിച്ചു. എന്നാൽ സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് കേരള കോൺഗ്രസിന്റെ പരാതി.

ക്യാബിനറ്റ് പദവി സംബന്ധിച്ച തീരുമാനം വൈകുന്ന സാഹചര്യത്തിൽ വിഷയം വീണ്ടും മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് കേരള കോൺഗ്രസിന്റെ നീക്കം. അടുത്ത മന്ത്രിസഭാ യോഗത്തിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്ന ആവശ്യം മുന്നണി ബന്ധങ്ങളിലും ചർച്ചകൾക്ക് വഴിവെച്ചേക്കും.

Related News

Comments

No comments yet. Be the first to comment!

Leave a Comment