Saturday, October 3, 2026
Kerala News

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കൂടിയാലോചനയില്ല; V.D സതീശനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തം

സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ കൂടിയാലോചനയില്ല; V.D സതീശനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തം

തിരുവനന്തപുരം: സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടി നേതൃത്വത്തോടും യുഡിഎഫ് ഘടകകക്ഷികളോടും മതിയായ കൂടിയാലോചന നടക്കുന്നില്ലെന്ന വിമർശനം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരസ്യ പ്രതികരണത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയെച്ചൊല്ലിയുള്ള അസംതൃപ്തി കൂടുതൽ പുറത്തുവന്നത്.

മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവിയുള്ള സ്ഥാനങ്ങൾ നൽകാനുള്ള തീരുമാനം, സാംസ്കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങൾ, സംസ്ഥാന ആസൂത്രണ ബോർഡിന്റെ പുനഃസംഘടന തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നേതൃത്വവുമായി ആവശ്യമായ ചർച്ച നടന്നില്ലെന്നാണ് വിമർശനം. ചില തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് നേതാക്കൾ അറിഞ്ഞതെന്നും ആരോപണമുണ്ട്.

ഭരണകാര്യങ്ങളിൽ മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും പ്രധാന നയപരമായ വിഷയങ്ങളിൽ പാർട്ടിയുമായും മുന്നണി നേതൃത്വവുമായും കൂടിയാലോചന വേണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മന്ത്രിസഭാ തലത്തിലും പ്രധാന വിഷയങ്ങളിൽ മതിയായ ചർച്ച നടക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

അടൂർ പ്രകാശ് പരസ്യമായി രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിയിൽ അതൃപ്തിയുള്ള കൂടുതൽ നേതാക്കൾ പ്രതികരിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരിച്ചതിന് പിന്നാലെ തന്നെ ആഭ്യന്തര ഭിന്നതകൾ പരസ്യമാകുന്നത് കോൺഗ്രസ് നേതൃത്വത്തിനും വെല്ലുവിളിയായേക്കും.

അതേസമയം, സ്ഥാനമാനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ വൈകുന്നതിലും കോൺഗ്രസിലെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സർക്കാർ രൂപീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വിവിധ ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങളിൽ അന്തിമ തീരുമാനമാകാത്തതും ചർച്ചയാകുന്നു.

വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള നീക്കവും ഒരു വിഭാഗം നേതാക്കൾ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മുസ്ലിം ലീഗിന് ആറാം കാബിനറ്റ് പദവി നൽകിയത് സംബന്ധിച്ച ചോദ്യത്തിന് പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടിയിൽ പറയാമെന്ന കെ.സി. വേണുഗോപാലിന്റെ പ്രതികരണവും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

Related News

Comments

No comments yet. Be the first to comment!

Leave a Comment