Wednesday, September 23, 2026
Kerala News

അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി; ഒക്ടോബര്‍ 15ന് വിചാരണ തുടങ്ങും

 അഭിമന്യു കൊലക്കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി; ഒക്ടോബര്‍ 15ന് വിചാരണ തുടങ്ങും


കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് പ്രതികളുടെ അപേക്ഷയില്‍ വിധി പറഞ്ഞത്.

പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, കേസില്‍ രഹസ്യ വിചാരണ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നത് മാധ്യമപ്രവര്‍ത്തകരുടെ അവകാശമാണെന്നും അത് ഒരു കാരണവശാലും നിഷേധിക്കരുതെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് കോടതിയില്‍ വ്യക്തമാക്കി. വിചാരണയ്ക്കായി കോളേജ് വിദ്യാര്‍ഥികള്‍ എത്തിയാല്‍ അവരെ നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയില്‍വച്ച് പകര്‍ത്താന്‍ ശ്രമിച്ചുവെന്ന പ്രതിഭാഗത്തിന്റെ വാദവും പ്രോസിക്യൂഷന്‍ തള്ളി. പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് കോടതി രഹസ്യ വിചാരണ ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്.

കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് ആരംഭിക്കും. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment