Wednesday, September 23, 2026
India News

20.56 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; ഒഡിഷയില്‍ എസ്‌ഐആര്‍ പൂര്‍ത്തിയായി

20.56 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; ഒഡിഷയില്‍ എസ്‌ഐആര്‍ പൂര്‍ത്തിയായി

ഭുവനേശ്വര്‍: ഒഡിഷയില്‍ എസ്‌ഐആര്‍(SIR) നടപടികള്‍ പൂര്‍ത്തിയായി.  അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതോടെ, ആകെ 20.56 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ഒഡിഷ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എസ്. ഗോപാലന്‍ അറിയിച്ചു.

2026 മേയ് 30-ന് തീവ്ര പുതുക്കല്‍ നടപടികള്‍ ആരംഭിക്കുമ്പോള്‍ 3.16 കോടി വോട്ടര്‍മാരാണ് ഒഡിഷയിലെ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നത്. ആദ്യഘട്ട പരിശോധനയില്‍ 20,12,000 പേരെ നീക്കം ചെയ്തു. ഇതില്‍ 8.32 ലക്ഷം പേര്‍ മരണപ്പെട്ടവരും, 8.08 ലക്ഷം പേര്‍ സ്ഥിരമായി താമസം മാറിയവരുമാണ്. കൂടാതെ 2 ലക്ഷം പേര്‍ സ്ഥലത്തില്ലാത്തവരും 1.58 ലക്ഷം പേര്‍ ഇരട്ട വോട്ടുള്ളവരുമായിരുന്നു.

ജൂലൈ 5-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 3.13 കോടി പേരാണ് ഉള്‍പ്പെട്ടിരുന്നത്. പഴയ വിവരങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാതിരുന്ന 13 ലക്ഷം പേര്‍ക്കും എന്‍ട്രികളില്‍ പിഴവുകളുണ്ടായിരുന്ന 45.37 ലക്ഷം പേര്‍ക്കും ഉള്‍പ്പെടെ ആകെ 58.36 ലക്ഷം ആളുകള്‍ക്ക് നോട്ടീസ് നല്‍കി. ഇതില്‍ 24,000 പേര്‍ അയോഗ്യരാണെന്ന് കണ്ടെത്തി പുറത്താക്കി. തുടര്‍ന്ന് ലഭിച്ച പരാതികളില്‍ (ഫോം 7) പരിശോധന നടത്തി 44,777 പേരെക്കൂടി പട്ടികയില്‍ നിന്ന് ഒഴിവാക്കി.

അതേസമയം, പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തുന്നതിനായുള്ള ഫോം 6 അപേക്ഷകള്‍ വഴി 2.74 ലക്ഷം പേരെയും ഫോം 8 വഴി 16,000 പേരെയും ഉള്‍പ്പെടുത്തി. അങ്ങനെ ആകെ 2.90 ലക്ഷം പുതിയ വോട്ടര്‍മാര്‍ പട്ടികയിലെത്തി. അന്തിമ വോട്ടര്‍പട്ടിക പ്രകാരം ആകെ 3,16,32,754 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,61,30,000 പുരുഷന്മാരും 1,54,99,000 സ്ത്രീകളും 2,774 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

ആകെ വോട്ടര്‍മാരുടെ ഏകദേശം ആറ് ശതമാനം ആളുകളെ മാത്രമാണ് നീക്കം ചെയ്തിട്ടുള്ളതെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വ്യക്തമാക്കി. പ്രത്യേക തീവ്ര പുതുക്കല്‍ പൂര്‍ത്തിയായതോടെ സാധാരണ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment