Wednesday, September 23, 2026
Kerala News

ഇഡി നീക്കത്തിനെതിരെ സിപിഎം; ജനങ്ങളിലേക്ക് വിശദീകരണവുമായി ലഘുലേഖ ഇറക്കും

ഇഡി നീക്കത്തിനെതിരെ സിപിഎം; ജനങ്ങളിലേക്ക് വിശദീകരണവുമായി ലഘുലേഖ ഇറക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേസിന്റെ വസ്തുതകള്‍ ജനങ്ങളിലെത്തിക്കുന്നതിനായി പാര്‍ട്ടി ലഘുലേഖ പുറത്തിറക്കും. വീടുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്ന ഈ ലഘുലേഖയുടെ പ്രധാന ഭാഗങ്ങള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ചു.

എക്സാലോജിക്കിനെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്റെ പ്രധാന വാദം. സിഎംആര്‍എല്ലും ആദായനികുതി വകുപ്പും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് തുടങ്ങിയ വിഷയം, പിണറായി വിജയന്റെ മകളായതുകൊണ്ട് മാത്രമാണ് വീണ വിജയനിലേക്ക് തിരിച്ചുവിട്ടതെന്ന് പാര്‍ട്ടി ആരോപിക്കുന്നു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ സിഎംആര്‍എല്ലിന് വഴിവിട്ട ആനുകൂല്യങ്ങളോ സഹായങ്ങളോ നല്‍കിയിട്ടില്ലെന്നും സിപിഎം വ്യക്തമാക്കുന്നു.

എക്സാലോജിക് അന്വേഷണത്തില്‍ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മന്ത്രി മുഹമ്മദ് റിയാസിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതെന്നും കോഴിക്കോട് നടന്ന പരിശോധനകള്‍ക്ക് പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും സിപിഎം ആരോപിക്കുന്നു. കൂടാതെ, ഇഡിക്ക് നല്‍കിയ മൊഴികള്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ പിന്നീട് പിന്‍വലിച്ച കാര്യവും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നുണ്ട്.

പിണറായി വിജയനെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയ കാര്യവും ലഘുലേഖയിലുണ്ട്. ഇഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക വിജിലന്‍സ് അല്ലെങ്കില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് സിപിഎം പാര്‍ട്ടി തലത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങുന്നത്.

നേരത്തെ ചേര്‍ന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഇഡി നീക്കത്തിനെതിരെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലഘുലേഖ അച്ചടിച്ച് വീടുകളിലെത്തിച്ച് ലഘുലേഖാ പ്രചാരണം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.





Related News

Comments

No comments yet. Be the first to comment!

Leave a Comment