Wednesday, September 23, 2026
Kerala News

മൃഗശാല മാറ്റുന്നതില്‍ സര്‍ക്കാരിന് കോര്‍പറേഷന്റെ അഭിപ്രായം തേടേണ്ട സാഹചര്യമില്ലെന്ന് മേയര്‍ വി.വി. രാജേഷ്

 മൃഗശാല മാറ്റുന്നതില്‍ സര്‍ക്കാരിന് കോര്‍പറേഷന്റെ അഭിപ്രായം തേടേണ്ട സാഹചര്യമില്ലെന്ന് മേയര്‍ വി.വി. രാജേഷ്


തിരുവനന്തപുരം: നഗരത്തിലെ മൃഗശാല മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കോര്‍പറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യമില്ലെന്ന് മേയര്‍ വി.വി. രാജേഷ്. മേയര്‍ എന്ന നിലയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രതികരിച്ചതെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേഷനോട് സര്‍ക്കാര്‍ ഔദ്യോഗികമായി അഭിപ്രായം തേടിയാല്‍ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കുമെന്നും മേയര്‍ വ്യക്തമാക്കി. നഗരത്തിനുള്ളിലെ മൃഗശാല അപൂര്‍വയിനം മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ദോഷകരമാണെന്നും മൃഗങ്ങള്‍ ചത്തുപോകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളില്‍ രോഗങ്ങള്‍ പടരുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ആശങ്കയുണ്ടാകുന്നുവെന്നും അവരുടെ ഭീതി പലപ്പോഴും പങ്കുവയ്ക്കാറുണ്ടെന്നും വി.വി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോര്‍പറേഷനില്‍ കെട്ടിട നികുതി വെട്ടിപ്പ് കണ്ടെത്തിയതായും മേയര്‍ അറിയിച്ചു. വലിയവിള വാര്‍ഡില്‍ നിന്നുള്ളതായി കാണിച്ച ഒരു രസീത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന മാഫിയയാണ് ഇതിന് പിന്നിലെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ബന്ധപ്പെട്ട വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. വ്യാജരേഖ തയ്യാറാക്കിയത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മേയര്‍ വ്യക്തമാക്കി. വിഷയത്തില്‍ കോര്‍പറേഷന് ചില നിരീക്ഷണങ്ങളുണ്ടെന്നും പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment