Wednesday, September 23, 2026
Kerala News

ശബരിമലയില്‍ അരവണ-അപ്പം ക്ഷാമം; ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി കെ. മുരളീധരന്‍

ശബരിമലയില്‍ അരവണ-അപ്പം ക്ഷാമം; ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി കെ. മുരളീധരന്‍


തിരുവനന്തപുരം: കന്നിമാസപൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതില്‍ അതൃപ്തി രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരന്‍. നട തുറന്ന സമയത്ത് അരവണ പ്ലാന്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിവന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍, ഇത്തരമൊരു സാഹചര്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുണ്ടെന്നും ആവശ്യമായിവന്നാല്‍ സര്‍ക്കാരിന്റെ ആശങ്ക ഹൈക്കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്സവ നടത്തിപ്പ് ക്രമീകരിക്കണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ആലോചിക്കും. ഇത്തരം പരീക്ഷണങ്ങള്‍ക്ക് ഇനി വഴങ്ങാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്തര്‍ക്കുള്ള ഒരു സൗകര്യവും തടസ്സപ്പെടാന്‍ പാടില്ല. നട തുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് പ്രസാദം ലഭ്യമാക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. മണ്ഡലകാലത്തിന് മുമ്പ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് അരവണയും അപ്പവും ലഭ്യമാക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

നട അടച്ചിരിക്കുന്ന സമയത്ത് പ്ലാന്റിലെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുകയോ, അല്ലെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കുകയോ ചെയ്യേണ്ടതായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോഴുണ്ടായ അരവണ ക്ഷാമം ഗൗരവമായി കാണേണ്ട ഒരു സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

അരവണയുടെ കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനവും മന്ത്രി ഉന്നയിച്ചു. കഴിഞ്ഞദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിനെ ഫോണില്‍ വിളിച്ച് മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി നേരിട്ട് അറിയിച്ചിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment