കോഴിക്കോട്: ലിയോണല്‍ മെസിയുടെ പേരില്‍ നടന്നതായി ആരോപിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ വിവരശേഖരണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട് ഇന്നലെ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് എസ്‌ഐടി മൊഴിയെടുത്തിരുന്നു. കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായി ജിഎസ്ടി അന്വേഷണ വിഭാഗം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പരിശോധന.
ജിഎസ്ടി ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സര്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന ആരോപണവും അന്വേഷണ പരിധിയിലുണ്ട്. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസറായിരുന്ന രത്‌നാകരന്‍, നിലവിലെ ജിഎസ്ടി ഇന്റലിജന്‍സ് ഓഫീസര്‍ സജിനി എന്നിവരുടെ മൊഴിയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി രേഖപ്പെടുത്തിയത്.
മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മുന്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഇടപാടുകളും ഫയലുകളും എസ്‌ഐടി വിശദമായി പരിശോധിക്കും. മന്ത്രിയായിരിക്കെ നടത്തിയ സ്‌പെയിന്‍ യാത്രയടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.
അതേസമയം, കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട എസ്‌ഐടി പരിശോധനയില്‍ വിവിധ രേഖകളും മെമ്മറി കാര്‍ഡും കസ്റ്റഡിയിലെടുത്തിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധനയില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment