Saturday, September 19, 2026
Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായിക്കെതിരെ കേസെടുക്കുമോ? ആഭ്യന്തര വകുപ്പ് ഇന്ന് തീരുമാനിക്കും

 സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായിക്കെതിരെ കേസെടുക്കുമോ? ആഭ്യന്തര വകുപ്പ് ഇന്ന് തീരുമാനിക്കും


തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. കേസെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇന്ന് തീരുമാനമെടുക്കും.

കേസെടുത്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയതോടെയാണ് തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിനുള്ള തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്നാണ് നിയമോപദേശത്തിലെ പ്രധാന വിലയിരുത്തല്‍.

അന്വേഷണം ഏത് രീതിയില്‍ വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനാണ് സാധ്യത.

ഇഡി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കാത്തതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന് നിര്‍ണായക നിയമോപദേശം ലഭിച്ചത്. പഴയ റിപ്പോര്‍ട്ടുകളോ മറ്റ് രേഖകളോ കേസിന്റെ അന്വേഷണത്തിന് നിയമപരമായ തടസമാകില്ലെന്നും എജി വ്യക്തമാക്കിയതായാണ് വിവരം.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇനി ആഭ്യന്തര വകുപ്പാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. ഹവാല ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമോ എന്നതും വകുപ്പ് പരിശോധിക്കും. കേസെടുത്താല്‍ ഉണ്ടാകാവുന്ന നിയമപരമായ വിഷയങ്ങള്‍ക്കൊപ്പം രാഷ്ട്രീയവും ക്രമസമാധാനപരവുമായ പ്രത്യാഘാതങ്ങളും സര്‍ക്കാര്‍ പരിഗണിക്കേണ്ടിവരും.


Related News

Comments

No comments yet. Be the first to comment!

Leave a Comment