കോഴിക്കോട്: ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിയുടെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പ കേസില്‍ വിവരശേഖരണം വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.). കേസില്‍ കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ജി.എസ്.ടി. അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സര്‍ക്ക് വഴിവിട്ട് സഹായം നല്‍കിയെന്ന വിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. മുന്‍ കാസര്‍ഗോഡ് ജി.എസ്.ടി. ഇന്റലിജന്‍സ് ഓഫീസര്‍ രത്‌നാകരന്‍, നിലവിലെ ഇന്റലിജന്‍സ് ഓഫീസര്‍ സജിനി എന്നിവരില്‍ നിന്നാണ് ഇന്നലെ അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചത്.
കേസുമായി ബന്ധപ്പെട്ട് മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ഉടന്‍ തന്നെ അന്വേഷണസംഘം ചോദ്യം ചെയ്യും. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഫയലുകളും പരിശോധിക്കാനും, അദ്ദേഹത്തിന്റെ സ്‌പെയിന്‍ യാത്ര അന്വേഷണ പരിധിയില്‍ കൊണ്ടുവരാനും എസ്.ഐ.ടി. തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ സുപ്രധാന രേഖകളും മെമ്മറി കാര്‍ഡും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പരിശോധനയിലൂടെ കേസിന് ആവശ്യമായ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment