Saturday, September 19, 2026
Kerala News

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: അനധികൃതമായി മദ്യം സൂക്ഷിച്ച കേസില്‍ മാനന്തവാടി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ഇന്ന് ബത്തേരി കോടതിയില്‍ ഹാജരാക്കും. പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ എക്‌സൈസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, മദ്യം കണ്ടെടുത്ത വീട് തന്റെ പേരിലല്ലെന്നും കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ള കേസില്‍പ്പെട്ട ഭൂമിയായതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം. എന്നാല്‍, ഏറ്റവും ഒടുവില്‍ നികുതി അടച്ച രേഖകള്‍ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ പേരില്‍ തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റര്‍ അനധികൃത മദ്യം പിടിച്ചെടുത്തിരുന്നു. ഇതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്ന് എക്‌സൈസ് കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് വ്യാജമദ്യമല്ലെന്നും വീട്ടുണ്ടാക്കിയ വൈന്‍ (ഹോം മെയ്ഡ് വൈന്‍) ആണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ നിലപാട്. ശാസ്ത്രീയ പരിശോധന നടത്താതെ വ്യാജമദ്യമാണെന്ന് ആരോപിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment