തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് എംഎല്‍എ രമ്യ ഹരിദാസ് ഉന്നയിച്ച വാദത്തില്‍ വൈരുധ്യം. സംഭവസ്ഥലത്തുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ പേഴ്‌സണല്‍ സ്റ്റാഫിലൊരാളാണെന്ന രമ്യ ഹരിദാസിന്റെ വാദത്തിന് ഔദ്യോഗിക രേഖകളില്‍ സ്ഥിരീകരണമില്ല. നിയമസഭാ രേഖകളിലെ എംഎല്‍എയുടെ ഔദ്യോഗിക സ്റ്റാഫ് പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല.
എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന മൂന്ന് സ്റ്റാഫുകളില്‍ വിമല്‍ എന്നയാളുടെ പേര് മാത്രമാണ് രമ്യ ഹരിദാസിന്റെ ഔദ്യോഗിക സ്റ്റാഫ് പട്ടികയില്‍ നിലവിലുള്ളത്. അതേസമയം, ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പാളയം പ്രദീപിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം. പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് പ്രദീപാണെന്നും ഇവര്‍ പരാതി ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇരുവിഭാഗങ്ങളുമായി സംസാരിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ സമിതി അധ്യക്ഷനും കെപിസിസി മുന്‍ പ്രസിഡന്റുമായ എം.എം. ഹസന്‍ അറിയിച്ചു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും സംഭവത്തില്‍ പ്രതികരിച്ചു. സംഘര്‍ഷം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും രാഷ്ട്രീയ രംഗത്ത് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment