ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് നയിച്ച സമരത്തിനിടെ പ്രതിഷേധക്കാരിലൊരാളുടെ പിതാവിനെ ആക്രമിച്ചെന്ന പരാതിയില്‍ കേസെടുത്തില്ലെന്ന് ആരോപിച്ചാണ് സിജപി പ്രവര്‍ത്തകര്‍ വീണ്ടും തെരുവിലിറങ്ങിയത്.
ആക്രമണത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട സഞ്ജയ് എന്നയാള്‍ക്ക് തലയ്ക്ക് പരിക്കേറ്റെന്നാണ് പരാതി. പരാതിക്കാരും സിജെപി നേതാക്കളും പ്രവര്‍ത്തകരും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കേസെടുക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.
ചന്ദ്രശേഖര്‍ ആസാദ് എംപിയും പ്രതിഷേധ സ്ഥലത്തെത്തി. പരാതിക്കാരി നിഷുവിനും സിജെപി നേതാക്കള്‍ക്കുമൊപ്പം അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തുകയാണ്. അതേസമയം, സിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നും പ്രതിഷേധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രതിഷേധക്കാരിലൊരാളുടെ പിതാവിനെ ആക്രമിച്ചതായി പരസ്യമായി അവകാശപ്പെട്ട് സ്വതന്ത്ര് ഭരദ്വാജ് എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവ് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ളവരുടെ സംരക്ഷണമുള്ളതിനാലാണ് ജയിലില്‍ പോകാതിരുന്നതെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.
പ്രതികളെ സംരക്ഷിക്കുന്നതിനായി ഡല്‍ഹി പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ഒഴിവാക്കുകയാണെന്ന് സിജെപി നേതാവ് സൗരവ് ദാസ് ആരോപിച്ചിരുന്നു. നീതിനിര്‍വഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കപില്‍ മിശ്രയെ കേസില്‍ പ്രതിയാക്കണമെന്നും സൗരവ് ആവശ്യപ്പെട്ടിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment