Friday, September 4, 2026
Kerala News

കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: വിമര്‍ശനവുമായി എ.എന്‍. ഷംസീര്‍

കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം: വിമര്‍ശനവുമായി എ.എന്‍. ഷംസീര്‍



കണ്ണൂര്‍: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പ്രസ്താവനയ്ക്കെതിരെ സിപിഐഎം നേതാവ് എ.എന്‍. ഷംസീര്‍. കാന്തപുരത്തിന്റെ പ്രസ്താവന ഇന്ത്യയില്‍ നടത്തേണ്ടതല്ലെന്നും പൊതുസമൂഹത്തിന് അത് ന്യായീകരിക്കാനാകില്ലെന്നും ഷംസീര്‍ പറഞ്ഞു.

രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിക്കാന്‍ മുസ്ലീങ്ങള്‍ ബാധ്യസ്ഥരാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്നത് കാന്തപുരം അംഗീകരിക്കണമെന്നും ഭരണഘടന അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ഷംസീര്‍ വ്യക്തമാക്കി.

അതേസമയം, വിവാദ പ്രസ്താവനയെ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തി. ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാനുള്ള നിക്ഷിപ്ത താല്‍പര്യങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച് സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും കാന്തപുരം വ്യക്തമാക്കി.

പ്രവര്‍ത്തകര്‍ പ്രകോപനങ്ങള്‍ക്ക് വശംവദരാകരുതെന്നും വൈകാരികമായി പ്രതികരിക്കാതെ പക്വതയോടെയും വിവേകത്തോടെയും ഇടപെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. തിന്മകളെ നന്മകൊണ്ട് മാത്രം നേരിട്ട പാരമ്പര്യമാണ് സുന്നി വിശ്വാസികളുടേതെന്നും അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടുപോകണമെന്നും കാന്തപുരം പോസ്റ്റില്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment