Monday, August 31, 2026
India News

വിജയ്യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി

വിജയ്യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസിന് അതൃപ്തി




ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ടിവികെ പ്രചാരണത്തില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കൂവെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ടിവികെ നിലപാട് തിരുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെക്കുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ നിയമസഭയില്‍ മന്ത്രി ഡി. ശരത്കുമാറാണ് സി. ജോസഫ് വിജയ് പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. പിന്നാലെ ടിവികെയിലെ മുതിര്‍ന്ന നേതാക്കളും വിവിധ വേദികളില്‍ ഇതേ ആവശ്യം ഉന്നയിച്ചു. തൂത്തുക്കുടിയില്‍ 2029ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സി. ജോസഫ് വിജയ് എന്ന പേരിലുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.

ഇതിനിടെ പുറത്തുവന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട മാധ്യമ സര്‍വെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും പിന്നാലെ മൂന്നാം സ്ഥാനത്താണ് സി. ജോസഫ് വിജയ് എത്തിയത്. ഒമ്പത് ശതമാനം പേര്‍ വിജയ്യെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പിന്തുണച്ചതായാണ് സര്‍വെ ഫലം.

സര്‍വെയെ പരിഹസിച്ച് പിസിസി അധ്യക്ഷന്‍ മാണിക്കം ടാഗോര്‍ രംഗത്തെത്തി. ആനയെയും സിംഹത്തെയും തമ്മില്‍ തെറ്റിക്കാന്‍ കുറുക്കന്‍ വ്യാജ സര്‍വെയുമായി എത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മന്ത്രിമാരും രാജി ഭീഷണിയുമായി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധിയെ മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കൂവെന്നും നിലപാട് മാറ്റിയില്ലെങ്കില്‍ രാജിവെക്കുമെന്നും മന്ത്രി രാജേഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി ടിവികെയും രംഗത്തെത്തി. അറുപത് വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമായത് സി. ജോസഫ് വിജയ് ആണെന്നാണ് ടിവികെയുടെ വാദം.


Related News

Comments

No comments yet. Be the first to comment!

Leave a Comment