കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങള്‍ നദിയുടെ ഒഴുക്കിന് തടസ്സമാകുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ താത്കാലിക തടയണകള്‍ രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇവ പൊട്ടിയാല്‍ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയുണ്ടെന്നും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടന്‍ ഡെവലപ്മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അതേസമയം, നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ വഴിയില്‍ കുടുങ്ങിയ മലയാളി സംഘം സുരക്ഷിത സ്ഥാനത്തെത്തി. കൊച്ചിയിലെ ട്രാവല്‍ ഏജന്‍സി വഴി നേപ്പാളിലെത്തിയ 36 പേരടങ്ങുന്ന സംഘമാണ് സുരക്ഷിതമായി ഹോട്ടലിലെത്തിയത്. പ്രളയബാധിത പ്രദേശത്തിന് സമീപം ആറ് മണിക്കൂറോളം സംഘം റോഡില്‍ കുടുങ്ങിക്കിടന്നിരുന്നു. രണ്ട് ട്രാവലറുകളിലായാണ് ഇവരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റിയത്. ഈ മാസം 23നാണ് സംഘം നേപ്പാളിലെത്തിയത്. 29ന് കേരളത്തിലേക്ക് മടങ്ങും.
ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച രസുവ, നുവാകോട്ട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കി. കൂടുതല്‍ സേനാംഗങ്ങളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി 2,000 സൈനികരെയാണ് നിയോഗിച്ചത്. പ്രളയത്തില്‍ കുടുങ്ങിയ 97 പേരെ ഇതിനകം സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ടണലില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളും രക്ഷപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.
Comments
No comments yet. Be the first to comment!
Leave a Comment