ഇടുക്കി: പൂപ്പാറയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചു തേവര്‍ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം.
രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഒച്ചു തേവര്‍. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി ആര്‍ആര്‍ടി (റാപ്പിഡ് റെസ്പോണ്‍സ് ടീം) തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കനത്ത മൂടല്‍മഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം ഒച്ചു തേവര്‍ അറിഞ്ഞില്ലെന്നാണ് വിവരം.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ഒച്ചു തേവറെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തില്‍ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments
No comments yet. Be the first to comment!
Leave a Comment