മഹാരാഷ്ട്ര പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റര്‍ ഉടമയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യങ്ങള്‍ ചോര്‍ത്തി വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് MPSC അണ്ടര്‍ സെക്രട്ടറി അഭിജിത് ഗണ്‍പത്‌റാവു, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാരായ വിശ്വേശ്വര്‍ ദത്താത്രേയ, ഗോപാല്‍ ഭട്ടു, കോച്ചിംഗ് സെന്റര്‍ ഉടമ പ്രവീണ്‍ ദിലീപ് പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായ പ്രമുഖര്‍.
പരീക്ഷാ നടപടികളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് പരീക്ഷയ്ക്ക് മുന്‍പേ ചോദ്യങ്ങള്‍ പുറത്തായെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെട്ടത്. ഇതേതുടര്‍ന്ന് പ്രോപ്പര്‍ട്ടി സെല്ലിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ മങ്കേഷ് ഗണ്‍പത്‌റാവു ദേശായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 25-ന് കൊളാബ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്നത് ആറ് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. യുവാക്കളുടെ കടുത്ത പ്രതിഷേധവും രോഷവും കണക്കിലെടുത്താണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
രഹസ്യസ്വഭാവമുള്ള ചോദ്യങ്ങള്‍ പരീക്ഷാ സംവിധാനത്തില്‍ നിന്ന് എങ്ങനെ പുറത്തെത്തി എന്നതിനെക്കുറിച്ച് അന്വേഷണസംഘം വിശദമായി പരിശോധിച്ചു വരികയാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോച്ചിംഗ് സെന്ററുകള്‍ക്ക് ഉള്ള പങ്കും, സാമ്പത്തിക ലാഭത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ വേണ്ടി ഇവ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന കാര്യവുമാണ് പോലീസ് നിലവില്‍ പ്രധാനമായും അന്വേഷിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment