Thursday, August 27, 2026
International News

നേപ്പാള്‍ പ്രളയം: മരണം 160 കടന്നു; സഹായ ഹസ്തവുമായി ഇന്ത്യ

നേപ്പാള്‍ പ്രളയം: മരണം 160 കടന്നു; സഹായ ഹസ്തവുമായി ഇന്ത്യ

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ 162 ആയി. 403 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 844 പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ 341 പേര്‍ വിദേശികളാണ്. 142 ഇന്ത്യക്കാരുമുണ്ട്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ചിത്വാന്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 64 മൃതദേഹങ്ങളും നവല്‍പരാസി ഈസ്റ്റില്‍ നിന്ന് 26 മൃതദേഹങ്ങളും കണ്ടെടുത്തു. 28 പൊലീസ് ഉദ്യോഗസ്ഥരെയും കാണാനില്ല. 

നേപ്പാളില്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ആശങ്ക ഉയരുകയാണ്. പ്രളയം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. ബിഹാറിലെ പശ്ചിമ ചമ്പാരന്‍, ഉത്തര്‍പ്രദേശില്‍ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ബിഹാറില്‍ 5000 പേരെ മാറ്റി പാര്‍പ്പിച്ചു. ചമ്പാരന്‍, മുസാഫര്‍പുര്‍ തുടങ്ങിയ ഇടങ്ങളിലായി 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു. ബിഹാറില്‍ വാല്‍മീകിനഗര്‍ ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.

ദുരന്തത്തില്‍ നേപ്പാളിന് സഹായ ഹസ്തം നീട്ടി ഇന്ത്യ. 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലെത്തി. താല്‍ക്കാലിക ഷെല്‍ട്ടറുകളും പുതപ്പുകളും ജീവന്‍രക്ഷാ മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ അയച്ചിട്ടുണ്ട്.

ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റില്‍നിന്നുള്ള ഭോട്ടെ കോഷി നദിയില്‍ അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നു. നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങള്‍ക്കുള്ളില്‍ നിലംപൊത്തുകയാണ് ഉണ്ടായത്. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിലാണ് വന്‍നാശനഷ്ടമാണുണ്ടായത്. 2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാള്‍ കണ്ട എറ്റവും വലിയ ദുരന്തമാണിത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment