Tuesday, August 11, 2026
Kerala News

മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കല്‍: ചട്ടങ്ങള്‍ മറികടന്ന് നീക്കങ്ങള്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കല്‍: ചട്ടങ്ങള്‍ മറികടന്ന് നീക്കങ്ങള്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്



തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയതായാണ് വിവരം.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനായി സ്‌പോണ്‍സറെ തിരഞ്ഞെടുത്തതില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായ രീതിയിലല്ല നടന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.

അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന സ്‌പോണ്‍സറുടെ വാഗ്ദാനത്തിന് ആധികാരിക രേഖകളുടെ പിന്‍ബലമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടീം കേരളത്തില്‍ കളിക്കണമെങ്കില്‍ ഫിഫ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയും ആവശ്യമാണ്. എന്നാല്‍ ഫിഫ അംഗീകാരമോ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അനുമതിയോ ഇല്ലാതെയാണ് അര്‍ജന്റീനയുടെ വരവ് സംബന്ധിച്ച വാഗ്ദാനവുമായി മുന്നോട്ടുപോയതെന്നാണ് കണ്ടെത്തല്‍

അന്താരാഷ്ട്ര കരാറുകള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ടങ്ങള്‍ മറികടന്ന് അതിവേഗ നീക്കങ്ങളാണ് സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പിലും മറ്റ് നടപടികളിലും ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് പ്രധാന തീരുമാനങ്ങള്‍ എടുത്തതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. കത്ത് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ മുന്‍ മന്ത്രി നേരിട്ടാണ് നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

ക്രമക്കേടില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്നും മുന്‍ മന്ത്രിയുടെ യാത്രകളും ഇ-മെയില്‍ ഇടപാടുകളും പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment