കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് നടപടി. വെള്ളിയാഴ്ച രാവിലെ 11.30ന് മുന്‍പ് ആയങ്കിയെ വീണ്ടും കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഊന്നുകല്ല് സി.ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
കസ്റ്റഡി അപേക്ഷയില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. പൊലീസ് വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിഭാഗം ആരോപിച്ചു.
അതേസമയം, കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. ആയങ്കിയെ കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ കാപ്പ ചുമത്തുന്നത് എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി ജാമ്യം ലഭിക്കാനുള്ള സാധ്യത പരമാവധി ഒഴിവാക്കാനാണ് പൊലീസിന്റെ നീക്കമെന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment