ആസൂത്രണബോര്‍ഡിലേക്ക് നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചു. പി.എസ്.സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരു മാസത്തേക്കാണ് സ്റ്റേ.
റാങ്ക് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെയാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. മറ്റ് ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നും ഇവയ്ക്ക് വിവരാവകാശ നിയമപ്രകാരം സംരക്ഷണമുണ്ടെന്നും പി.എസ്.സി വാദിച്ചു.
നിലവില്‍ 1.25 കോടിയിലധികം ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്മെന്റ് നടപടികളാണ് പി.എസ്.സി കൈകാര്യം ചെയ്യുന്നത്. ഓരോ ഉദ്യോഗാര്‍ഥിയുടെയും രേഖകള്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കുന്നത് പ്രായോഗികമല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം വിവരങ്ങള്‍ പുറത്തുവിടാന്‍ അനുമതി നല്‍കിയാല്‍ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ട് നിരവധി വിവരാവകാശ അപേക്ഷകള്‍ വരാന്‍ ഇടയാക്കുമെന്നും പി.എസ്.സി ഹൈക്കോടതിയെ അറിയിച്ചു
Comments
No comments yet. Be the first to comment!
Leave a Comment