Tuesday, August 11, 2026
Kerala News

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍: കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല

വന്യജീവി സംരക്ഷണ ഭേദഗതി ബില്‍: കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിനായി കേരള നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. വന്യജീവി ആക്രമണങ്ങളും സംഘര്‍ഷങ്ങളും തടയുന്നതിനുള്ള പൂര്‍ണ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും, നിലവിലെ 1972-ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ തന്നെ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ വ്യവസ്ഥകളുണ്ടെന്നുമാണ് കേന്ദ്ര നിലപാട്. അടൂര്‍ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ജനവാസ മേഖലകളില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടിക്രമങ്ങളുടെ കാലതാമസമില്ലാതെ വെടിവെച്ചുകൊല്ലാനോ മയക്കുവെടി വെക്കാനോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതിയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നത്. 1972-ലെ കേന്ദ്ര നിയമത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്തണമെന്നും കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്നുമായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍.  

എന്നാല്‍ 2022-ല്‍ കേന്ദ്ര നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും നിലവിലെ സെക്ഷന്‍ 11 പ്രകാരം തന്നെ അപകടാകാരികളായ മൃഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ നിലവിലുള്ള നിയമപരമായ വ്യവസ്ഥകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപയോഗിച്ച് സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്നും കേന്ദ്ര മന്ത്രി സഭയെ അറിയിച്ചു.  


Related News

Comments

No comments yet. Be the first to comment!

Leave a Comment