Tuesday, August 11, 2026
Kerala News

LPST റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച

LPST റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്ന എല്‍.പി.എസ്.ടി (LPST) റാങ്ക് ഹോള്‍ഡേഴ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍. സമരം 37 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രതിനിധികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുക. റാങ്ക് ഹോള്‍ഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.  

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് (PSC) വിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം നടത്തുന്നത്. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും വിഷയം പരിശോധിക്കാന്‍ രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ ഇത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല.അതേസമയം, ആസൂത്രണ ബോര്‍ഡിലെ (State Planning Board) തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി.എസ്.സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥി നല്‍കിയ അപേക്ഷയില്‍, ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങളും മാര്‍ക്കും നല്‍കാനായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. എന്നാല്‍ മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും വിവരാവകാശ നിയമപ്രകാരം ഇതിന് സംരക്ഷണമുണ്ടെന്നുമാണ് പി.എസ്.സിയുടെ വാദം. 1.25 കോടിയിലധികം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ റിക്രൂട്ട്മെന്റ് നടപടികള്‍ കൈകാര്യം ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം വിവരങ്ങള്‍ നല്‍കുന്നത് പ്രായോഗികമല്ലെന്നും, ഇത് കൂടുതല്‍ അപേക്ഷകള്‍ക്ക് വഴിവെക്കുമെന്നും പി.എസ്.സി ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.  


Related News

Comments

No comments yet. Be the first to comment!

Leave a Comment