Sunday, July 26, 2026
India News

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയ്ക്ക് ടൈഫോയ്ഡ്

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയ്ക്ക് ടൈഫോയ്ഡ്

ന്യൂഡല്‍ഹി:  കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ അഭിജിത്ത് തന്നെയാണ് താന്‍ രോഗബാധിതനായി ചികിത്സയിലാണെന്ന വിവരം അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹി ജന്തര്‍ മന്ദിറില്‍ തുടരുന്ന സി.ജെ.പി പ്രക്ഷോഭത്തില്‍ നിന്ന് അദ്ദേഹം താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി. രാജ്യത്തുടനീളം പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയവര്‍ക്ക് നന്ദി അറിയിച്ച അദ്ദേഹം, രാജി ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉച്ചകഴിഞ്ഞ് 3.30-ന് സി.ജെ.പി പ്രതിനിധികളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടക്കുന്ന മൂന്നാം ഘട്ട ചര്‍ച്ച നിര്‍ണായകമാണ്. പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ ധര്‍മ്മേന്ദ്ര പ്രധാനെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ സി.ജെ.പി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രന്‍ക എന്നിവരുമായി നടത്തിയ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ചില പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്നു. പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ രണ്ട് ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

എന്നാല്‍, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി എന്ന പ്രാഥമിക ആവശ്യത്തില്‍ നിന്ന് വിട്ടുവീഴ്ചയില്ലെന്ന ഉറച്ച നിലപാടിലാണ് പ്രക്ഷോഭകര്‍. സര്‍ക്കാര്‍ ഈ ആവശ്യത്തിന് വഴങ്ങിയില്ലെങ്കില്‍ പ്രക്ഷോഭത്തിന്റെ അടുത്ത ലക്ഷ്യം പ്രധാനമന്ത്രിയായിരിക്കുമെന്നും സി.ജെ.പി വ്യക്തമാക്കിക്കഴിഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment