തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ കഴിയാത്തത് സര്‍ക്കാരിനുള്ളിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥന്റെ നിയമനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കണമെന്ന ശുപാര്‍ശ മന്ത്രി മേയ് അവസാനവാരം തന്നെ ഇ-ഓഫീസ് സംവിധാനത്തിലൂടെ സമര്‍പ്പിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായും ടൂറിസം മന്ത്രിയായിരുന്ന കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും പ്രവര്‍ത്തിച്ച അനുഭവമുള്ള ഉദ്യോഗസ്ഥനാണ് ശരത് ചന്ദ്രന്‍.
എന്നാല്‍ ഈ ശുപാര്‍ശയില്‍ അന്തിമ തീരുമാനം വൈകിയതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം ഇതുവരെ നടന്നിട്ടില്ല. ഇതിന്റെ പ്രത്യാഘാതമായി മന്ത്രിയുടെ ഓഫീസിലെ മറ്റ് സ്റ്റാഫ് നിയമനങ്ങളും വൈകിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം ആറ് ജീവനക്കാരുടെ നിയമന ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
അതേസമയം, മറ്റൊരു മന്ത്രിയായ എം. ലിജുവിനും ഇതുവരെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ്, സഹകരണ വകുപ്പുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ അനുയോജ്യനായ ഉദ്യോഗസ്ഥനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് വിവരം.
മന്ത്രി ഒ.ജെ. ജനീഷിന്റെയും എ.പി. അനില്‍കുമാറിന്റെയും പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ചില മന്ത്രിമാര്‍ ഔദ്യോഗിക ശുപാര്‍ശ സമര്‍പ്പിക്കാത്തതിനാല്‍ മറ്റ് ചില പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളും ഇപ്പോഴും വൈകിക്കൊണ്ടിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment