ടെഹ്‌റാന്‍: ഇറാന് നേരെ അമേരിക്കന്‍ സൈന്യം വീണ്ടും വ്യോമാക്രമണം ശക്തമാക്കി. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ്, ബൂഷെഹര്‍ എന്നിവയ്ക്ക് പുറമെ ഹോര്‍മുസ് കടലിടുക്കിലെ പ്രധാന ദ്വീപായ ഖിഷം ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു യുഎസിന്റെ പുതിയ ആക്രമണം. ഖിഷം ദ്വീപിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ തുടര്‍ച്ചയായി മൂന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുറമുഖ നഗരങ്ങളിലും തീരദേശങ്ങളിലും അമേരിക്ക നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.
ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് 20 ശതമാനം സുരക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന വിവാദ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. ഹോര്‍മുസില്‍ യുഎസ് നല്‍കുന്ന സുരക്ഷയ്ക്ക് പകരമായി അമേരിക്കയില്‍ വന്‍ തുകയുടെ നിക്ഷേപങ്ങള്‍ നടത്താന്‍ സന്നദ്ധമാണെന്ന ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന സ്വീകരിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ഈ വന്‍കിട നിക്ഷേപങ്ങള്‍ അമേരിക്കയില്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്കിടയിലും ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ ജീവനക്കാരന്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുവൈത്ത് നാവിക കപ്പലിന് നേരെ നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി കുവൈത്ത് ആര്‍മിയും അറിയിച്ചു. ഇറാനിയന്‍ കപ്പലുകള്‍ക്ക് മേല്‍ യുഎസ് പൂര്‍ണ്ണ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇരുവിഭാഗവും പ്രത്യാക്രമണങ്ങള്‍ ശക്തമാക്കുകയാണ്. യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ ആഗോള വിപണിയില്‍ എണ്ണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment