Sunday, July 12, 2026
Kerala News

കീഴ്‌വഴക്കമല്ല വലുത് എല്‍ഡിഎഫാണ്, എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ: ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല വലുത് എല്‍ഡിഎഫാണ്, എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ: ബിനോയ് വിശ്വം

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായുള്ള അവകാശവാദത്തില്‍ ഉറച്ചുനിന്നും സി.പി.ഐ.എമ്മിനെ ശക്തമായി വിമര്‍ശിച്ചും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. മുന്‍കാല കീഴ്വഴക്കങ്ങള്‍ പറഞ്ഞ് ഈ ആവശ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ, അത് കൃത്യമായി പങ്കുവെക്കപ്പെടണം. മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ അത്തരമൊരു പങ്കുവെക്കല്‍ അനിവാര്യമാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യാതൊരുവിധ തര്‍ക്കവും സംശയവുമില്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ആ പദവി സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണ്. ഇവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും സാധിക്കില്ല. ആവശ്യമായി വന്നാല്‍ എല്ലാ കീഴ്വഴക്കങ്ങളും മാറ്റിയെഴുതേണ്ടി വരും. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എല്‍.ഡി.എഫും മുന്നണിയുടെ ഒന്നിച്ചുപോക്കുമാണ് പ്രധാനമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കണമെന്ന് സി.പി.ഐ ആവശ്യപ്പെടുന്നത് എല്‍.ഡി.എഫിനെ ദുര്‍ബലമാക്കാനല്ല, മറിച്ച് കൂടുതല്‍ ശക്തമാക്കാനാണ്. എല്‍.ഡി.എഫ് അതിന്റെ യഥാര്‍ത്ഥ മൂല്യത്തോടെ തുടരണമെങ്കില്‍ ഇത്തരത്തിലുള്ള പങ്കുവെപ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ വ്യക്തമാക്കി.

ഈ വിഷയത്തില്‍ ചൊവ്വാഴ്ച സി.പി.ഐ - സി.പി.ഐ.എം ഉഭയകക്ഷി ചര്‍ച്ച നടക്കാനിരിക്കെയാണ് ബിനോയ് വിശ്വം പാര്‍ട്ടി നിലപാട് വീണ്ടും ആവര്‍ത്തിച്ചത്. പതിവിന് വിപരീതമായി സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ തിരുവനന്തപുരത്തെ എം.എന്‍ സ്മാരകത്തില്‍ വെച്ചാണ് ഇത്തവണ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സി.പി.ഐയെ, അവരുടെ ആസ്ഥാനത്തെത്തി സംസാരിച്ച് സമവായത്തിലെത്തിക്കാമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിരിക്കുന്ന അതേ ദിവസം തന്നെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. കൂടാതെ ജൂലൈ 13, 14 തീയതികളില്‍ സി.പി.ഐയുടെ നിര്‍ണായക നേതൃയോഗങ്ങളും നടക്കുന്നുണ്ട്. ഈ യോഗങ്ങളോടെ തര്‍ക്കത്തില്‍ ഒരു സമവായത്തിന്റെ വഴിതെളിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്. മുന്‍പ് എലപ്പുള്ളി ബ്രൂവറി വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ ഭിന്നത നിലനില്‍ക്കുമ്പോഴാണ് സി.പി.ഐ.എം നേതൃത്വം ഇതിന് മുന്‍പ് എം.എന്‍ സ്മാരകത്തില്‍ എത്തി ചര്‍ച്ച നടത്തിയത്. അന്ന് അവിടെ നടന്ന മുന്നണി യോഗത്തില്‍ വെച്ച് സി.പി.ഐ സമവായത്തിന് വഴങ്ങിയിരുന്നു. തങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ചര്‍ച്ചയില്‍ സി.പി.ഐ കടുംപിടുത്തം ഉപേക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ.എം നീങ്ങുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment