Sunday, July 12, 2026
Kerala News

മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറത്ത് വിദ്യാര്‍ഥിനിയുടെ കയ്യൊടിഞ്ഞ സംഭവം; അധ്യാപകനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം കല്‍പകഞ്ചേരി കല്ലിങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്റെ ക്രൂരമര്‍ദനം. മര്‍ദനമേറ്റ് പത്തുവയസുകാരിയുടെ കൈപ്പത്തിയുടെ എല്ല് ഒടിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ബല്‍രാജിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിലവില്‍ റിമാന്‍ഡ് ചെയ്ത് തവനൂര്‍ ജയിലിലടച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ അധ്യാപകനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ട് സ്‌കൂള്‍ മാനേജ്മെന്റും ഉത്തരവിറക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പനി ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തെ അവധിക്ക് ശേഷം സ്‌കൂളിലെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിക്ക് നേരെയാണ് അധ്യാപകന്‍ ക്രൂരത കാട്ടിയത്. ക്ലാസ് മുറിയില്‍ ഇരുന്ന് നോട്ട്ബുക്കില്‍ എഴുതിക്കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അധ്യാപകന്‍ ചൂരല്‍ ഉപയോഗിച്ച് ശക്തമായി അടിക്കുകയായിരുന്നു. വലത് കൈപ്പത്തിക്കേറ്റ അടിയില്‍ കുട്ടിയുടെ കയ്യിന്റെ എല്ലിന് പൊട്ടലേറ്റു. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

മര്‍ദനമേറ്റ് കയ്യില്‍ കടുത്ത നീരുവരികയും വേദനകൊണ്ട് കുട്ടി കരയുകയും ചെയ്തിട്ടും അധ്യാപകര്‍ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. പിന്നീട് അധ്യാപകര്‍ തന്നെ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളാണ് കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിലും സ്‌കൂള്‍ മാനേജ്മെന്റിനും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കല്‍പകഞ്ചേരി പോലീസ് അധ്യാപകനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളും സമാനമായ രീതിയില്‍ ക്രൂരമര്‍ദനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.


Related News

Comments

No comments yet. Be the first to comment!

Leave a Comment