Sunday, July 12, 2026
Kerala News

പിഎസ്സി പരീക്ഷാ ക്രമക്കേട്; കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

പിഎസ്സി പരീക്ഷാ ക്രമക്കേട്; കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച പരാതികളില്‍ ഏതെല്ലാം വിഷയങ്ങളില്‍ കേസെടുക്കണമെന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വൈകാതെ തന്നെ അന്വേഷണസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. ക്രമക്കേടുകള്‍ ഉന്നയിച്ച് രംഗത്തെത്തിയ പരാതിക്കാരുടെ വിശദമായ മൊഴി രേഖപ്പെടുത്തല്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും പരീക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് പിഎസ്സിക്ക് അന്വേഷണസംഘം ഔദ്യോഗികമായി കത്ത് നല്‍കുക.

അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണവുമായി ഏത് രീതിയില്‍ സഹകരിക്കണമെന്ന കാര്യത്തില്‍ പിഎസ്സി ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന പിഎസ്സി യോഗം അതീവ നിര്‍ണായകമാകും. പരീക്ഷാ വിവാദങ്ങളില്‍ പിഎസ്സി ആഭ്യന്തര വിജിലന്‍സ് നിലവില്‍ അന്വേഷണം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സമാന്തരമായി നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്നാണ് പിഎസ്സിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, പരീക്ഷകളെക്കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ എതിര്‍ക്കുന്നത് കൂടുതല്‍ തിരിച്ചടിയാകുമെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

അന്വേഷണത്തോട് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് പിഎസ്സി ഇതിനോടകം തന്നെ നിയമോപദേശം തേടിയിട്ടുണ്ട്. പരീക്ഷാ നടപടികളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ക്രൈംബ്രാഞ്ചുമായി സഹകരിക്കുന്നതാണ് നല്ലതെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍, കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ട് പോകുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ആവശ്യമായ രേഖകള്‍ വിട്ടുനല്‍കാന്‍ പിഎസ്സി തയ്യാറായില്ലെങ്കില്‍, കടുത്ത നിയമനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജന്‍സിയുടെ ആലോചന.


Related News

Comments

No comments yet. Be the first to comment!

Leave a Comment