വയനാട് മേപ്പാടി കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ രണ്ടാം ദിവസവും തുടരുന്നു. ദുരന്തമേഖലയ്ക്ക് സമീപമുള്ള തോട്ടിലാണ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്. ഇന്നലെ ഈ പ്രദേശത്ത് നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇടവിട്ടുള്ള ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുകയാണ്. മലമുകളില്‍ നിന്ന് കുത്തിയൊഴുകിയെത്തുന്ന വെള്ളം ദുരന്തമേഖലയിലേക്ക് എത്തുന്നതിനാല്‍ തിരച്ചില്‍ നടപടികള്‍ക്ക് തടസ്സം നേരിടുന്നുണ്ട്.
ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് അവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്തെ 140 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മേപ്പാടി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലാണ് പ്രധാന ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നത്.
പരുക്കേറ്റവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്ത് പേരില്‍ മൂന്ന് പേര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ മേപ്പാടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രി വിട്ടത്. അഞ്ചുപേരെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. സൈറ്റ് എഞ്ചിനീയറായ എറണാകുളം സ്വദേശി കുഞ്ചു ടി.കെ. ആണ് നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഏക മലയാളി.
Comments
No comments yet. Be the first to comment!
Leave a Comment