മേപ്പാടി: വയനാട് കള്ളാടിയിലെ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ വീണ്ടും കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തുനിന്ന് ആളുകളെ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
വയനാട്-കള്ളാടി തുരങ്കപാത നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തുരങ്കപാത നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് നിരങ്ങിവന്ന് നിര്‍മാണ മേഖലയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ ഒരു വീടും സമീപത്തെ പള്ളിയും പൂര്‍ണമായും തകര്‍ന്നു. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായതായി അധികൃതര്‍ അറിയിച്ചു.
സംഭവസമയത്ത് നിര്‍മാണ തൊഴിലാളികളായ ഏകദേശം 15 പേര്‍ ക്യാബിനകത്ത് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന ഒരു കുടുംബവും മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. തൊഴിലാളികളുമായി എത്തിയ രണ്ട് ബസുകളും മണ്ണിനടിയില്‍പ്പെട്ടതായാണ് വിവരം.
രക്ഷപ്പെടുത്തിയ ആറു തൊഴിലാളികളെ മേപ്പാടി വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം അതിഥി തൊഴിലാളികളാണ്. ചികിത്സയിലുള്ളവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള ആശങ്കയില്‍ വ്യാപകമായ തെരച്ചില്‍ തുടരുകയാണ്.
അതേസമയം, മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് വയനാട്ടിലേക്ക് ഉടന്‍ എത്താന്‍ നിര്‍ദേശം നല്‍കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി അടിയന്തര ചര്‍ച്ച നടത്തി. കോഴിക്കോട് നിന്നുള്ള രക്ഷാസംഘത്തോടും വയനാട്ടിലേക്ക് തിരിക്കാനും നിര്‍ദേശിച്ചു. ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
Comments
No comments yet. Be the first to comment!
Leave a Comment