Wednesday, July 15, 2026
Kerala News

കള്ളാടി മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്

 കള്ളാടി മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്



വയനാട്: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മിത അപകടമാണെന്നും മന്ത്രി ടി. സിദ്ദിഖ് ആരോപിച്ചു. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

റവന്യൂ മന്ത്രിക്കൊപ്പം താനും വയനാട്ടിലേക്ക് പോകുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ മേപ്പാടി മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു.

കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയി ഘോഷ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ കോഴിക്കോട്, വയനാട് ടീമുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ ശേഖര്‍ കുര്യാക്കോസ് വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും ഫയര്‍ ഫോഴ്സും വ്യാപകമായ തെരച്ചില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.

തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതിനെതിരെ തുടക്കത്തില്‍ തന്നെ കൊങ്കണ്‍ അധികൃതരുമായി നടത്തിയ യോഗങ്ങളില്‍ സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിലേക്ക് നയിച്ച വീഴ്ച സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment