Tuesday, July 21, 2026
Kerala News

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി

വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി


കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യത സംബന്ധിച്ച കേസില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. വിഷയത്തില്‍ അടിയന്തര പരിഗണന ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിലപാട് സ്വീകരിച്ചത്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.

മുന്‍പ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയിരുന്നു. കൂടാതെ വൈസ് പ്രസിഡന്റായ തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റായ ഡോ. എം.എന്‍. സ്വാമിയെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. ജസ്റ്റിസ് ടി.ആര്‍. രവി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ആ ഉത്തരവ്.

കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമായ എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം രജിസ്ട്രാര്‍ ഓഫ് കമ്പനിക്ക് കണക്കുകള്‍ സമര്‍പ്പിക്കാതിരുന്നതാണ് അയോഗ്യതയ്ക്ക് കാരണമായത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment