Tuesday, July 21, 2026
Kerala News

ഗണ്‍മാന്‍മാരുടെ മര്‍ദനം: അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എം.ആര്‍ അജിത് കുമാര്‍

ഗണ്‍മാന്‍മാരുടെ മര്‍ദനം: അന്വേഷണ അട്ടിമറിയില്‍ മറുപടി നല്‍കാതെ എം.ആര്‍ അജിത് കുമാര്‍

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ചെന്ന ആരോപണത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാര്‍ മറുപടി നല്‍കാന്‍ വൈകുന്നതില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് അഞ്ച് ദിവസം പിന്നിട്ടിട്ടും മറുപടി നല്‍കാന്‍ അജിത് കുമാര്‍ തയ്യാറായിട്ടില്ല. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് എഡിജിപിയോട് വിശദീകരണം തേടിയത്. 

എഡിജിപിയുടെ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് വൈകുകയാണ്. പ്രത്യേകാന്വേഷണ സംഘം (SIT) സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാന്‍ നിലവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് സാധിച്ചിട്ടില്ല. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ച ശേഷമേ കേസിന്റെ തുടര്‍നീക്കങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകൂ.  കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതും കേസ് ഡയറി തിരുത്തിയതും കോടതിയില്‍ സമര്‍പ്പിക്കാന്‍ റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതും എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ അജിത് കുമാറിന്റെ വ്യക്തിപരമായ പങ്ക് സ്ഥിരീകരിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന നിലപാടിലായിരുന്നു ഡിജിപി.

തുടര്‍ന്ന് ആദ്യ റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട് എസ്ഐടി പുതിയ വിവരങ്ങള്‍ കൈമാറി. കേസ് അട്ടിമറിക്കുന്നതില്‍ എഡിജിപിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതിനാല്‍, ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് എം.ആര്‍. അജിത് കുമാറിന് മാറിനില്‍ക്കാനാകില്ലെന്നാണ് ഡിജിപിയുടെ വിലയിരുത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment