പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ നിര്‍ണായക ട്വിസ്റ്റ്. എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കുന്നതിനാല്‍ ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തടഞ്ഞുവെച്ചിരിക്കുകയാണ്.
പകരം സ്ഥാനാര്‍ത്ഥികളായി ഉല്ലാസ് തോമസും മനോജ് മൂത്തേടവും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. കുന്നപ്പിള്ളിക്കെതിരായ കേസ് ഈ മാസം 26-ന് കോടതിയില്‍ പരിഗണനയ്ക്ക് വരുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് ടിക്കറ്റ് അനുവദിക്കുന്നത് പ്രയാസകരമാണെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.
ഇതിനിടെ, പെരുമ്പാവൂര്‍, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വ നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചര്‍ച്ചകള്‍ക്കായി എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയതായും അറിയുന്നു.
കെപിസിസി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയെയും ഐസി ബാലകൃഷ്ണനെയും മത്സരിപ്പിക്കാമെന്ന നിലപാട് ഉണ്ടായിരുന്നുവെങ്കിലും, ഇരുവര്‍ക്കുമെതിരെ നിലവിലുള്ള കേസുകള്‍ കാരണം കാര്യങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment