Wednesday, July 22, 2026
Kerala News

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും. ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. ആശുപത്രിയിലെ ജീവനക്കാരുടെ കുറവും കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യവുമാണ് വീഴ്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയ സമയത്തെ സര്‍ജന്‍സ് നോട്ട് കൃത്യമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ശസ്ത്രക്രിയ നടക്കുമ്പോള്‍ സ്‌ക്രബ് നഴ്‌സ് മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും ഉപകരണങ്ങള്‍ എല്ലാം കൃത്യമാണോ എന്ന് ഡോക്ടര്‍ ചോദിച്ചിരുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപകരണങ്ങള്‍ ഉണ്ടെന്ന് നഴ്‌സ് ഉറപ്പുനല്‍കിയ ശേഷമാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി തുന്നലിട്ടത്. എന്നാല്‍, ഉഷയുടെ ശസ്ത്രക്രിയയ്ക്കിടെ മറ്റൊരു ശസ്ത്രക്രിയയ്ക്ക് കൂടി സഹായിക്കേണ്ടി വന്നതായി നഴ്‌സ് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, ഉഷയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത കത്രിക (ആര്‍ട്ടറി ഫോര്‍സെപ്‌സ്) എവിടെ നിന്നുള്ളതാണെന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ ഇപ്പോഴും വ്യക്തതയില്ല.

സംഭവത്തില്‍ വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനെ പ്രതിചേര്‍ത്ത് പോലീസ് നേരത്തെ കേസെടുത്തിരുന്നു. 2021-ല്‍ ശസ്ത്രക്രിയ നടന്ന സമയത്ത് ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു ഇവര്‍. കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനുള്ള നീക്കത്തിലാണ് പോലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദ, നഴ്‌സിംഗ് ഓഫീസര്‍ പി.എസ്. ധന്യ എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും.

ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഉപകരണം നാളെ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. നിലവില്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.









Related News

Comments

No comments yet. Be the first to comment!

Leave a Comment