തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കനത്ത സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് അകത്തുകയറിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീടിന്റെ വാതിലിനു മുന്നില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധം നടക്കുമ്പോള്‍ മന്ത്രി വസതിയില്‍ ഉണ്ടായിരുന്നില്ല.
മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച പോലീസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് കേവലം 50 മീറ്റര്‍ മാത്രം അകലെയുള്ള മന്ത്രി മന്ദിരത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ വെറും മൂന്ന് പോലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പ്രതിഷേധം ആരംഭിച്ച് ഏകദേശം 20 മിനിറ്റിനു ശേഷമാണ് കൂടുതല്‍ പോലീസ് സേന സ്ഥലത്തെത്തിയത്. തുടര്‍ന്ന് വാതിലില്‍ സ്ഥാപിച്ച റീത്ത് പോലീസ് നീക്കം ചെയ്യുകയായിരുന്നു.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വലിയ തോതിലുള്ള കയ്യാങ്കളിയും കയ്യേറ്റവും ഉണ്ടായി. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ മറ്റു പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് പ്രവര്‍ത്തകരെ സ്ഥലത്തുനിന്നും നീക്കം ചെയ്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
Comments
No comments yet. Be the first to comment!
Leave a Comment