ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. എന്നാല്‍ ദ്വാരപാലക ശില്‍പക്കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല.
2025 നവംബര്‍ 20നാണ് പത്മകുമാര്‍ അറസ്റ്റിലായത്. കട്ടിളപ്പാളി കേസില്‍ എട്ടാം പ്രതിയായിരുന്ന പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന നിലയില്‍ അറസ്റ്റിലായതായിരുന്നു. ശബരിമലയില്‍ നടന്ന കവര്‍ച്ച പത്മകുമാറിന്റെ അറിവോടെയാണെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കേസിലെ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നകം സമര്‍പ്പിക്കാമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. ജാംഷെഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള സ്വര്‍ണപ്പാളികളുടെ പരിശോധനാഫലം ഉടന്‍ ലഭ്യമാകുമെന്നാണ് വിവരം. ശാസ്ത്രീയ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്. പരിശോധനയ്ക്കായി 36 സാമ്പിളുകളാണ് ജാംഷെഡ്പൂരിലേക്ക് അയച്ചത്.
ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അന്വേഷണവും സംസ്ഥാന വിജിലന്‍സിനാണ് കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സ് ഡിവൈഎസ്പി സി.എസ്. ഹരിയെ അന്വേഷണസംഘത്തിന് നേതൃത്വം നല്‍കാന്‍ നിയമിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ജസ്റ്റിസുമാരായ വി. രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment