തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ടിനെതിരായ പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനെ സിപിഐ നേതൃത്വം ശാസിച്ചു. പൂരം കലക്കിയ സംഭവത്തില്‍ ഒന്നാം പ്രതി ജില്ലാ കലക്ടറാണ് എന്ന പരാമര്‍ശം നടത്തിയതോടെയാണ് പാര്‍ട്ടി നടപടി.
സിപിഐ തൃശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സുനില്‍കുമാറിനെ ശാസിച്ചത്. യോഗത്തില്‍ സുനില്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. ഒന്നാം പ്രതി കലക്ടര്‍ എന്ന് പറയാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്ന് കര്‍ശന താക്കീതും നല്‍കി.
സുനില്‍കുമാറിന്റെ വിമര്‍ശനത്തില്‍ മന്ത്രി കെ. രാജനും പാര്‍ട്ടി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് സൂചന. തൃശൂര്‍ പൂരം കലക്കിയതില്‍ തിരുവമ്പാടി ദേവസ്വത്തിനാണ് ഉത്തരവാദിത്വമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് തള്ളിയാണ് സുനില്‍കുമാര്‍ രംഗത്തെത്തിയത്. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പൂരം കലക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും, ബോര്‍ഡിലെ ചിലര്‍ രാഷ്ട്രീയലക്ഷ്യത്തോടെ പൂരം അലങ്കോലപ്പെടുത്തിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
Comments
No comments yet. Be the first to comment!
Leave a Comment