Wednesday, July 22, 2026
Kerala News

ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കില്ല

ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കില്ല

തിരുവനന്തപുരം:  സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തങ്ങളുടെ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. ശമ്പള കുടിശ്ശിക ഉള്‍പ്പെടെയുള്ള ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.ജി.എം.സി.ടി.എ  നടത്തുന്ന അനിശ്ചിതകാല ഒ.പി ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും തുടരുകയാണ്. ഇതിന് പിന്നാലെ ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്ന് സംഘടന വ്യക്തമാക്കി. പ്രതിഷേധത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും.

സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ഫെബ്രുവരി 26 മുതല്‍ എല്ലാവിധ പരീക്ഷാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു. ശമ്പള കുടിശ്ശിക നല്‍കുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് നിയമവകുപ്പ് ഉപദേശം നല്‍കിയിട്ടും സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. സര്‍ക്കാരിന്റെ നിസ്സംഗതയാണ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിട്ടതെന്നാണ് ഇവരുടെ പക്ഷം.

അതേസമയം, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന പി.ജി ഡോക്ടര്‍മാരുടെ സംഘടന  താല്‍ക്കാലികമായി ഒ.പി ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറി. സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന് ആരോഗ്യവകുപ്പ് ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ ധനകാര്യ വകുപ്പുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും സീനിയര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നത് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനാണ് സാധ്യത.


Related News

Comments

No comments yet. Be the first to comment!

Leave a Comment