കൊല്ലം: കുരീപ്പുഴയില്‍ നിര്‍ത്തിയിട്ടിരുന്ന പത്തിലധികം മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ച് കത്തിനശിച്ചു. ആളാപായമില്ലെങ്കിലും കോടികള്‍ വിലമതിക്കുന്ന ബോട്ടുകളും ഉപകരണങ്ങളുമാണ് അഗ്‌നിക്കിരയായത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യന്‍കോവില്‍ ക്ഷേത്രത്തിന് അടുത്തുവെച്ചാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബോട്ടുകളില്‍ ഒന്നില്‍ നിന്ന് തീ പടരുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ഡീസല്‍ ടാങ്കുകള്‍ക്ക് തീപിടിച്ചതും അഗ്‌നിബാധയുടെ വ്യാപ്തി വര്‍ധിപ്പിച്ചു.
തീപിടിത്തത്തില്‍ ബോട്ടുകള്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ബോട്ടുകള്‍ക്ക് പുറമെ കായലില്‍ ഉണ്ടായിരുന്ന ചീന വലകള്‍ക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വിവരം അറിഞ്ഞ ഉടന്‍ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment