ന്യൂഡല്‍ഹി: സി.ജെ.പി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) ക്രമസമാധാന അന്വേഷണം ആരംഭിച്ചു. കലാപ വിരുദ്ധ സേനയായ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സി.ആര്‍.പി.എഫ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ ശാന്തിമാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഡല്‍ഹി പോലീസിന്റെ കൈവശം ഇത്തരം തോക്കുകളില്ലെന്നുമാണ് ഔദ്യോഗിക പ്രതികരണം. അതേസമയം, മാര്‍ച്ചില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പെല്ലറ്റ് ആക്രമണത്തില്‍ പരുക്കേറ്റതായും സഫ്ദര്‍ജങ് ആശുപത്രി, എയിംസ് എന്നിവിടങ്ങളിലെ ചികിത്സാ രേഖകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ശരീരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ പെല്ലറ്റുകള്‍ നീക്കം ചെയ്തതായും സി.ജെ.പി പ്രതിനിധികള്‍ വ്യക്തമാക്കുന്നു. പെല്ലറ്റ് ആക്രമണമേറ്റ 19 വയസ്സുള്ള വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതരമായി പരുക്കേല്‍ക്കുകയും കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഉപയോഗിക്കുന്ന മാരകമായ പെല്ലറ്റ് തോക്കുകള്‍ ഇവിടെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ചുവെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആരോപണം. പരുക്കേറ്റവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്ന പശ്ചാത്തലത്തിലാണ് ആര്‍.എ.എഫിന്റെ നടപടിയെക്കുറിച്ച് സി.ആര്‍.പി.എഫ് വിശദമായി അന്വേഷിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment