ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്.
യുവതി നല്‍കിയ പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വാദിക്കുന്നത്. യുവതി പരാതി നല്‍കാന്‍ വൈകിയെന്നും ഇത് സംശയകരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ യുവതി നേരിട്ട് മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയതെന്നും രാഹുല്‍ വാദിക്കുന്നു.
പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും, ഇത് സംബന്ധിച്ച തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും രാഹുല്‍ ആവശ്യപ്പെടുന്നു. മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് മുന്നില്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ അപേക്ഷയില്‍ വ്യക്തമാക്കി. താന്‍ നിരപരാധിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ അന്വേഷണസംഘം. രാഹുല്‍ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവില്‍ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ പോലീസ് പരിശോധന നടത്തി. വയനാട്ടിലെ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി, താളൂര്‍ ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ ആണ് പരിശോധന നടന്നത്. ഇതിനിടെ അന്വേഷണസംഘത്തെ കബളിപ്പിക്കാന്‍ ദൃശ്യം മാതൃകയില്‍ മൊബൈല്‍ ഫോണ്‍ കൈമാറിയതായും എസ്‌ഐടിക്ക് സംശയമുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment