രാജ്യത്ത് ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങുന്നത് മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി (ഡിസംബര്‍ 6, 7) പ്രധാനപ്പെട്ട ദീര്‍ഘദൂര റൂട്ടുകളില്‍ ആറ് സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുകയെന്ന് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. പ്രതിസന്ധി കാരണം നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍, യാത്രക്കാര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ 37 ട്രെയിനുകളിലായി 116 അധിക കോച്ചുകള്‍ റെയില്‍വേ വിന്യസിച്ചിട്ടുണ്ട്.
വിമാന പ്രതിസന്ധിക്ക് പൂര്‍ണ്ണമായ പരിഹാരമാകാത്തതിനെ തുടര്‍ന്ന് ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ആയിരത്തോളം ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുവനന്തപുരത്തുനിന്നുള്ള ഇന്‍ഡിഗോയുടെ 5 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണിത്. പുലര്‍ച്ചെ ഒരു മണിക്ക് പോകേണ്ട ഷാര്‍ജ വിമാനം വൈകിയാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്ന് 6:05ന് പുറപ്പെടേണ്ട ഡല്‍ഹി വിമാനവും റദ്ദാക്കി. കണ്ണൂരില്‍ നിന്ന് ഇന്ന് പുറപ്പെടേണ്ട ബാക്കി നാല് ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഡല്‍ഹി, ചെന്നൈ, ജമ്മു കശ്മീര്‍ വിമാനത്താവളങ്ങളിലെ രാത്രി വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബര്‍ 10-നും 15-നും ഇടയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുമെന്നുമാണ് ഇന്‍ഡിഗോ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment