രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ബലാത്സംഗ കേസില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഏഴു ദിവസമായി രാഹുല്‍ ഒളിവിലാണ്. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നാണ് രാഹുലും പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പോലീസ് തീരുമാനം. അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകളടക്കം കോടതിയില്‍ ഹാജരാക്കും. രാഹുലും നേരത്തെ മുദ്ര വെച്ച കവറില്‍ തന്റെ പക്കലുള്ള തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിരുന്നു.
ഇതിനിടെ രാഹുലിനെതിരെ മറ്റൊരു യുവതി കൂടി പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഈ പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറി. യുവതിയെ നേരില്‍ കണ്ട് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടതിനു ശേഷമാകും ഈ വിഷയത്തില്‍ കേസെടുക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുക.
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയും ഇന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. അതിജീവിതയെ അധിക്ഷേപിച്ച കേസിലാണ് രാഹുല്‍ ഈശ്വര്‍ നിലവില്‍ ജയിലില്‍ കഴിയുന്നത്. അതേസമയം, ജയിലില്‍ നിരാഹാര സമരം ആരംഭിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. താന്‍ നിരാഹാരത്തിലാണെന്ന് രാഹുല്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിന്റെ ആരോഗ്യനില നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിച്ചു. നിലവില്‍ വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. സെന്‍ട്രല്‍ ജയിലില്‍ ഡോക്ടറുടെ സേവനം രാഹുല്‍ ഈശ്വറിന് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments
No comments yet. Be the first to comment!
Leave a Comment