Wednesday, July 29, 2026
International News

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയോട് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചെന്ന് പാക്കിസ്ഥാന്‍

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയോട് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചെന്ന് പാക്കിസ്ഥാന്‍

ഇന്ത്യയോട് വെടിനിര്‍ത്തലിന് അഭ്യര്‍ത്ഥിച്ചെന്ന് പാക്കിസ്ഥാന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചതോടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധാറിന്റെ വെളിപ്പെടുത്തല്‍. ജിയോ ന്യൂസിലെ ടെലിവിഷന്‍ ചര്‍ച്ചയിലാണ് തുറന്നുപറച്ചില്‍. ഇന്ത്യ റാവല്‍പിണ്ഡിയിലെ നൂര്‍ഖാന്‍ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോര്‍കോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടര്‍ന്ന്, പാക്കിസ്ഥാന്‍ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയില്‍ നിന്നുള്ള സഹായത്തിനായും അഭ്യര്‍ത്ഥിച്ചുവെന്ന് പാക്കിസ്ഥാന്‍ ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ വ്യക്തമാക്കി.

മേയ് 10-ന് ഇന്ത്യ നൂര്‍ഖാന്‍ വ്യോമതാവളവും ഷോര്‍കോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടര്‍ന്ന് സൗദി രാജകുമാരനായ ഫൈസല്‍ തന്നെ വിളിച്ചു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താന്‍ നടത്തിയ സംഭാഷണത്തെപ്പറ്റി അറിഞ്ഞുവെന്ന് ഫൈസല്‍ രാജകുമാരന്‍ പറഞ്ഞുവെന്നും ധര്‍ പറയുന്നു. ഇന്ത്യ ആക്രമണം നിര്‍ത്തുന്ന പക്ഷം പാക്കിസ്ഥാനും ആക്രമണം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെടാന്‍ തന്നെ അധികാരപ്പെടുത്തുമോയെന്ന് ഫൈസല്‍ ചോദിച്ചുവെന്നും ധര്‍ പറയുന്നു. താനതിന് സമ്മതം മൂളിയെന്നും ജയശങ്കറിനെ വിവരം അറിയിച്ചശേഷം ഫൈസല്‍ രാജകുമാരന്‍ തന്നെ ആ വിവരം അറിയിച്ചുവെന്നും ധര്‍ വ്യക്തമാക്കി.

ഔദ്യോഗിക സൈനിക ഹോട്ട്ലൈന്‍ ഉപയോഗിച്ച് ഇന്ത്യയുമായി ബന്ധപ്പെടാന്‍ അമേരിക്ക പാക്കിസ്ഥാനോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മേയ് 10-ന് പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാസിഫ് അബ്ദുള്ള ഇന്ത്യന്‍ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ഔദ്യോഗിക വിവരം. ഇക്കാര്യം പിന്നീട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.










Related News

Comments

No comments yet. Be the first to comment!

Leave a Comment