Thursday, July 30, 2026
International News

ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട കാന്‍സറാണ് ജോ ബൈഡന് സ്ഥിരീകരിച്ചിരിക്കുന്നത്. ഞായറാഴ്ച അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നാണ് രോഗവിവരം പുറം ലോകമറിയുന്നത്. 

രോഗത്തിന്റെ സ്ഥിതി വ്യക്തമാക്കുന്ന ഗ്ലീസണ്‍ സ്‌കോറില്‍ പത്തില്‍ ഒന്‍പതാണ് അദ്ദേഹത്തിന്റേത്. കാന്‍സര്‍ വളരെ വഷളായ നിലയിലായി എന്നാണിത് വ്യക്തമാക്കുന്നത്. കാന്‍സര്‍ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് നല്‍കുന്നത്.

മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡന്‍ ഡോക്ടറുടെ സേവനം തേടിയത്. തുടര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിക്കുകയായിരുന്നു. ജോ ബൈഡന്റെ രോഗനിര്‍ണയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി. ജോ ബൈഡന്റെ രോഗനിര്‍ണയത്തെക്കുറിച്ച് കേട്ടതില്‍ താനും പ്രഥമ വനിത മെലാനിയ ട്രംപും ദുഃഖിതരാണ് - ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. താനും ഭര്‍ത്താവ് ഡഗ് എംഹോഫും ബൈഡനും കുടുംബത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എക്‌സില്‍ കുറിച്ചു. ജോ ഒരു പോരാളിയാണ്. ശക്തിയോടെയും, പ്രതിരോധശേഷിയോടെയും ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാം - കമലാ ഹാരിസ് പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment