പാകിസ്താനെതിരായ തിരിച്ചടിയില്‍ പ്രതികരണം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ നല്‍കിയ തിരിച്ചടിയില്‍ പങ്കെടുത്ത സേനകള്‍ക്ക് അഭിനന്ദനം നേരുന്നതായി അദ്ദേഹം പറഞ്ഞു. അഭിമാന നിമിഷത്തിലാണ് രാജ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രധാനമന്ത്രിയുടേ നേതൃത്വത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് അദ്ദേഹം സേനകളെ അഭിനന്ദിച്ചത്. നിലവില്‍ പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കൂടിക്കാഴ്ചയില്‍ അദ്ദേഹം ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ രാഷ്ട്രപതിക്ക് മുന്‍പില്‍ അവതരിപ്പിക്കും.
കൂടാതെ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി നാളെ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഈ യോഗം പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുമെന്നാണ് കരുതുന്നത്.
അതേസമയം, കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ ഉണ്ടായി. പൂഞ്ച് മേഖലയിലെ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. ഉറിയില്‍ രണ്ട് വീടുകള്‍ക്ക് തീപിടിച്ചു. പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Comments
No comments yet. Be the first to comment!
Leave a Comment