പഹല്‍ഗാം ആക്രമണത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം. നൂറിലേറെ പേരെ ജമ്മുകശ്മീര്‍ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളില്‍ നിന്നും കുതിരസവാരിക്കാരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. പഹല്‍ഗാമില്‍ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു. കുല്‍ഗാമില്‍ ടിആര്‍എഫ് കമാന്‍ഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു. അതിര്‍ത്തി മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം.
കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്ന് ഡല്‍ഹിയില്‍ സര്‍വകക്ഷി യോഗം ചേരും. കൂടാതെ ലെഫ്റ്റ്നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പാകിസ്താനമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയത് അടക്കം കടുത്ത നയതന്ത്ര നടപടികള്‍ക്ക് പിന്നാലെ ഭീകരതക്കെതിരായ സൈനിക നടപടിയില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇന്ന് യോഗവും വിളിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ പാക് പങ്ക് വ്യക്തമായതോടെ പാകിസ്താനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. നയതന്ത്രബന്ധം പരിമിതപ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തില്‍ തീരുമാനമായി. സിന്ധു നദീജല കരാര്‍ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55ല്‍ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തുന്ന അട്ടരി ചെക്‌പോസ്റ്റ് അടയ്ക്കാനുള്ള നിര്‍ണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനില്‍ നിന്നുള്ള പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടണമെന്നും നിര്‍ദേശമുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment